KeralaNews

കൊടകര കുഴൽപ്പണ കേസ്: ക്രൈംബ്രാഞ്ച്, ഇ ഡി കേസുകൾ ഒരുമിച്ച് വിചാരണ ചെയ്യും

കൊച്ചി: കൊടകര കുഴൽപ്പണ ഇടപാടിലെ ക്രൈംബ്രാഞ്ച് കേസും ഇ ഡി കേസും ഒരുമിച്ച് വിചാരണ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് ഇരിങ്ങാലക്കുട കോടതിയിൽ നിന്നും കലൂർ പിഎംഎൽഎ കോടതിയിലേക്ക് മാറ്റി. രണ്ടു കേസുകളും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ഇഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് കേസ് പി എം എൽ എ കോടതിയിലേക്ക് മാറ്റുന്നതിനെ നേരെത്തെ സർക്കാർ എതിർത്തിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമായി ഇതു മാറും എന്നായിരുന്നു വാദം. എന്നാൽ ഇഡി ആവശ്യം കോടതി അം​ഗീകരിക്കുകയായിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബിജെപിക്ക് വേണ്ടി കള്ളപ്പണം എത്തിച്ചതായാണ് ആരോപണം. 2021 ഏപ്രിൽ 3നു കൊടകരയിൽ ദേശീയപാതയിൽ 25 ലക്ഷം രൂപ 10 പേർ ചേർന്നു തട്ടിയെടുത്തെന്നായിരുന്നു കൊടകര പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ 3.5 കോടിരൂപയാണു കൊള്ളയടിച്ചതെന്ന് കണ്ടെത്തി.

22 പ്രതികളെ പൊലീസ് കേസിൽ പ്രതിചേർത്തിരുന്നു. കവർച്ച ചെയ്യപ്പെട്ട തുകയിൽ 1.4 കോടി രൂപ കണ്ടെത്താനായില്ല. പണം അവകാശപ്പെട്ട് എത്തിയ ബിജെപി അനുഭാവി ധർമരാജനെ കേസിൽ സാക്ഷിയാക്കി. ബിജെപിയുടെ പങ്കാളിത്തം സംബന്ധിച്ച് തെളിവുകൾ കണ്ടെത്താനാകാതെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2025 മാർച്ച് 25-ന് ഇഡി കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 3.56 കോടി രൂപ കവർന്നുവെന്ന് സ്ഥിരീകരിച്ചെങ്കിലും, ഈ പണം തെരഞ്ഞെടുപ്പിനായി ബിജെപിക്ക് എത്തിച്ചതാണെന്ന ആരോപണം ഇഡി തള്ളിക്കളയുകയും ബിജെപിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. കവർച്ച നടത്തിയ പ്രതികളെ മാത്രം ഉൾപ്പെടുത്തിയാണ് ഇഡിയും കുറ്റപത്രം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button