News
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; മുൻവശം പൂർണമായും കത്തിയമർന്നു

പാലക്കാട്: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് ഉടൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
പെരുന്തൽമണ്ണയിൽ നിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. പട്ടാമ്പിയിലെത്തിയപ്പോൾ ബസിന്റെ മുൻവശത്ത് തീ പടരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ബസ് ഉടൻ നിർത്തിയതിനുശേഷം എല്ലാ യാത്രക്കാരോടും ചാടിയിറങ്ങാൻ പറഞ്ഞു.
മിക്കവാറും യാത്രക്കാർ ഉറങ്ങുകയായിരുന്ന സമയത്താണ് അപകടമുണ്ടായത്.അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും കത്തി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിത്തത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.



