News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമല്ലാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാലാണ് ഈ നടപടി. ഇന്ന് (സെപ്റ്റംബർ17) വൈകുന്നേരം 6:15 മുതൽ അർദ്ധരാത്രി 12:45 വരെയുള്ള സമയത്തായിരിക്കും ഈ നിയന്ത്രണങ്ങൾ ആവശ്യമായി വന്നേക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് ഡിമാൻഡ് 5,496 മെഗാവാട്ട് വരെ എത്തിയിരുന്നു. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഡിമാൻഡിൽ ഏകദേശം 1,200 മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഫലമായി മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് (സെപ്റ്റംബർ17) ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതും, സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ദേശീയ തലത്തിലുള്ള ഗ്രിഡ് നിയന്ത്രണങ്ങളും കാറ്റാടി നിലയങ്ങളിലെ ഉത്പാദന കുറവും ഇതിന് ആക്കം കൂട്ടുന്നു. കൂടാതെ, മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭ്യമല്ലാത്തതിനാൽ അധിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button