KeralaNews

വൈദ്യുതി പ്രതിസന്ധി: അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും, 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വന്നതായും കേരളം വ്യക്തമാക്കി.

2014-ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാറുണ്ടാക്കിയിരുന്നത്. 2016 മുതൽ വൈദ്യുതി വാങ്ങിത്തുടങ്ങിയിരുന്നെങ്കിലും, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വൈദ്യുതി വാങ്ങുന്നത് തടയുകയായിരുന്നു. പിന്നീട് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മിഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും, ഇതിനെതിരെ സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് പ്രതികൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.

ഈ വിധിക്ക് എതിരെ നൽകിയ ഹർജിയാണ് ഇപ്പോൾ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button