News

കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് പരിചരണത്തിലോ സൗകര്യങ്ങളിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് കഴിഞ്ഞ മാസം 28ന് മെഡിക്കൽ കോളേജിലെ 18-ാം വാർഡിലെ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഓഗസ്റ്റ് 31ന് മരിച്ചു.

സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലെ സുരക്ഷാ പ്രോട്ടോക്കോളിൽ ആവശ്യമായ മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ട് രേഖാമൂലം സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

ഡി.എം.ഇയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തുന്ന അന്വേഷണം സുതാര്യവും ഫലപ്രദവുമായിരിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. മെഡിക്കൽ വിദഗ്ധരുടെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുതെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ബി.എൻ.എസ്.എസ് 194-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടോ എന്ന് മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേസെടുത്തിട്ടുണ്ടെങ്കിൽ അന്വേഷണ പുരോഗതിയും നിലവിലെ സ്ഥിതിയും വ്യക്തമാക്കുന്ന റിപ്പോർട്ടും സമർപ്പിക്കണം.

എഫ്.ഐ.ആർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെയുള്ള പൂർണ്ണ അന്വേഷണ റിപ്പോർട്ട് ആറാഴ്ചയ്ക്കകം ഡി.എം.ഇ മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിക്കണം. നവംബർ രണ്ടിന് രാവിലെ 10ന് നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ ഡെപ്യൂട്ടി ഡി.എം.ഇയും എസ്.എച്ച്.ഒയുടെ പ്രതിനിധിയും നേരിട്ട് ഹാജരായി വിശദാംശങ്ങൾ നൽകണമെന്നും നിർദ്ദേശമുണ്ട്.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button