പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ്? 2029ൽ നടക്കാനിരിക്കുന്നത് വൻ ട്വിസ്റ്റോ; ശ്രദ്ധേയമായി സർവേഫലം

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ പരിഗണിക്കുന്ന നേതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ പേരും. ഇന്ത്യ ടുഡേ നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ നടത്തിയ സർവേയിലാണ് വിജയ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. . പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമാണ് വിജയ്ക്ക് മുന്നിലുള്ളത്.
നരേന്ദ്ര മോദിക്ക് 49 ശതമാനം പേരുടെ പിന്തുണയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് 27 ശതമാനം പിന്തുണ ലഭിച്ചപ്പോൾ വിജയ് ഒമ്പത് ശതമാനം പിന്തുണയുമായി മൂന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സർവേയിൽ ഉൾപ്പെടുത്തുന്നത്.2024ൽ രാഷ്ട്രീയ പ്രവേശനം നടത്തി 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയ വിജയ് മൂന്നുമാസം കൊണ്ട് ദേശീയ തലത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാദ്ധ്യതയുള്ള നേതാവെന്ന നിലയിൽ സർവേയിൽ ഇടംനേടിയത് ശ്രദ്ധേയമാണ്.
2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ്യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന ആവശ്യങ്ങൾ അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയ്ക്കുള്ളിൽ നേരത്തെ തന്നെ ഉയർന്നിരുന്നു.വിജയ്യുടെ ദേശീയ രാഷ്ട്രീയ സാദ്ധ്യതകൾ ചർച്ചയാകുന്നതിനിടെ തൂത്തുക്കുടിയിൽ ടിവികെ പ്രവർത്തകർ വിജയ്യെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളും സ്ഥാപിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരാൾ പ്രധാനമന്ത്രിയാകണമെന്ന ആവശ്യവും ടിവികെയിലെ ചില നേതാക്കൾ മുന്നോട്ടുവച്ചിട്ടുണ്ട്.
അതേസമയം, ടിവികെയുമായി സഖ്യത്തിലുള്ള കോൺഗ്രസ് രാഹുൽ ഗാന്ധി തന്നെയാണ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലപാട് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും വിജയ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. വിജയ്യുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വളർച്ച ടിവികെ-കോൺഗ്രസ് സഖ്യത്തിലും ഭാവിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
സർവേയിലെ കണക്കുകൾ പ്രകാരം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മോദി വ്യക്തമായ മുൻതൂക്കം നിലനിർത്തുകയാണ്. എന്നാൽ ആദ്യമായി സർവേയിൽ ഉൾപ്പെട്ട വിജയ് ഒമ്പത് ശതമാനം പിന്തുണ നേടിയത് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദേശീയ രാഷ്ട്രീയ സാദ്ധ്യതകൾക്ക് വലിയ മുൻതൂക്കമാണ് നൽകുന്നത്.




