ഗുരുദേവ ജയന്തി ഇന്ന്; ചെമ്പഴന്തിയിലും ശിവഗിരിയിലും ഭക്തിനിർഭരമായ ആഘോഷങ്ങൾ

തിരുവനന്തപുരം: ഇന്ന് കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം. ഗുരുദേവന്റെ 172-ാം ജയന്തിവാർഷികാഘോഷങ്ങൾക്ക് ജന്മനാടായ ചെമ്പഴന്തിയിൽ തുടക്കമായി. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലെ മഹാസാമാധിയിലും വിപുലമായ പരിപാടികളാണ് ചതയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂർ എം.പി, കെ.യു.ജനീഷ് കുമാർ എം.എൽ.എ എന്നിവർ സംസാരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.
രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ തിരുജയന്തി സമ്മേളനം രാവിലെ 9.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാഹേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ച് മണിയോടെ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വർണാഭമായ ഘോഷയാത്ര പുറപ്പെടും.



