Cinema

‘ടോക്സിക്’ കഥ പറയാൻ തുടങ്ങിയ യഷിനെ തടഞ്ഞ് ഗീതു; ‘ഇപ്പോഴും മുഴുവൻ കഥ എനിക്കറിയില്ല’

‘ടോക്സിക്’ എന്ന സിനിമയിലെത്തിയത് സംവിധായിക ഗീതു മോഹൻദാസ് വിളിച്ചിട്ടാണെന്നും, എന്നാൽ സിനിമയുടെ പൂർണ കഥ ഇപ്പോഴും തനിക്ക് അറിയില്ലെന്നും നടൻ സുദേവ് നായർ. കഥാപാത്രത്തെക്കുറിച്ചും ഓരോ സീനിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കൃത്യമായി പറഞ്ഞുതന്നിരുന്നെങ്കിലും കഥ എന്താണെന്ന് ഗീതു തന്നോട് വെളിപ്പെടുത്തിയിരുന്നില്ലെന്ന് സുദേവ് പറഞ്ഞു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

“എനിക്ക് ഈ കഥ പറയാൻ പറ്റില്ല. പക്ഷേ ഇത്രയും ഞാൻ പറയാം, നിന്റെ ടാലന്റിനെ ഞാൻ വേസ്റ്റ് ചെയ്യില്ല. എന്നെ ട്രസ്റ്റ് ചെയ്യുകയാണെങ്കിൽ, എന്നെ വിശ്വസിച്ച് ഒരു റിസ്ക് എടുക്കാൻ തയ്യാറാണോ” എന്നായിരുന്നു ഗീതു മോഹൻദാസ് തന്നോട് ചോദിച്ചതെന്ന് സുദേവ് പറഞ്ഞു. അതിൽ കൂടുതൽ ആലോചിക്കേണ്ടി വന്നില്ലെന്നും താരം വ്യക്തമാക്കി. തുടർന്ന് യഷിനും ഗീതു മോഹൻദാസിനുമൊപ്പം വീഡിയോ കോളിൽ സംസാരിച്ചെന്നും, ആ സംഭാഷണത്തിലൂടെ യഷിന്റെ വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞെന്നും സുദേവ് പറഞ്ഞു. സിനിമയെയും അതിലെ കലാകാരന്മാരെയും യഷ് ആത്മാർഥമായി പരിഗണിക്കുന്നതായി തോന്നിയെന്നും, പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നു ‘ടോക്സിക്’ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദിവസം മുഴുവൻ ചിത്രീകരണം നടത്തിയ ശേഷവും യഷ് പ്രൊഡക്ഷൻ കാര്യങ്ങളിൽ സജീവമായി ഇടപെടാറുണ്ടായിരുന്നുവെന്നും സുദേവ് പറഞ്ഞു. രാത്രി ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും പ്രൊഡക്ഷൻ മീറ്റിങ്ങുകൾ നടത്തും. അടുത്ത ഷെഡ്യൂൾ എങ്ങനെയായിരിക്കണം, സിനിമയുടെ വലുപ്പം കണക്കിലെടുത്ത് വലിയ താരങ്ങളെയും അഭിനേതാക്കളെയും ലൊക്കേഷനുകളെയും എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളിലൊക്കെ യഷ് ശ്രദ്ധ പുലർത്തിയിരുന്നുവെന്നും സുദേവ് വ്യക്തമാക്കി. യഷിന്റെ ഈ സമർപ്പണം തനിക്ക് ശ്രദ്ധേയമായിരുന്നെന്നും താരം പറഞ്ഞു.

എന്നാൽ ഏറ്റവും കൗതുകകരമായ കാര്യം സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടും ‘ടോക്സിക്’ സിനിമയുടെ പൂർണ കഥ തനിക്ക് അറിയില്ലെന്നതാണ്. ഓരോ സീനിലും എന്താണ് ചെയ്യേണ്ടതെന്നും കഥാപാത്രത്തിന്റെ ഭാഗമെന്താണെന്നും ഗീതു കൃത്യമായി പറഞ്ഞുതന്നിരുന്നെങ്കിലും കഥ വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ ഒരിക്കൽ യഷ് സിനിമയുടെ കഥ സുദേവിനോട് പറയാൻ തുടങ്ങിയിരുന്നു. യഷ് ഒരു ഫ്ലോയിൽ കഥ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ഗീതു ഇടപെട്ട് “നോ, നോ, കഥ പറയാൻ പാടില്ല” എന്ന് പറഞ്ഞ് തടഞ്ഞു. അങ്ങനെ സിനിമയുടെ കഥ പറയരുതെന്ന ഗീതുവിന്റെ നിർദേശം വീണ്ടും ഉറപ്പിക്കപ്പെടുകയായിരുന്നു. സിനിമ പൂർത്തിയാക്കിയിട്ടും കഥ അറിയാത്ത സുദേവിന്റെ വെളിപ്പെടുത്തൽ ‘ടോക്സിക്’ സിനിമയെക്കുറിച്ചുള്ള ആകാംക്ഷയും കൂട്ടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button