സൗദി പ്രവാസികളാണോ സ്ത്രീകൾക്കെതിരായ അതിക്രമത്തിന് കാരണം? ലോകബാങ്ക് പഠനം വീണ്ടും വിവാദത്തിൽ

കേരളത്തിലെ ലിംഗസമത്വത്തെയും സാമൂഹിക മനോഭാവങ്ങളെയും കുറിച്ചുള്ള ലോകബാങ്ക് പഠനത്തിലെ ചില കണ്ടെത്തലുകൾ വീണ്ടും ചർച്ചയാകുന്നു. സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ മനോഭാവവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത്. എന്നാൽ സൗദി പ്രവാസികളാണ് കേരളത്തിലെ സ്ത്രീകൾക്കെതിരെ കൂടുതൽ അതിക്രമം നടത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നില്ലെന്നും, റിപ്പോർട്ടിലെ കണ്ടെത്തലുകൾ അത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് 2013ൽ നടത്തിയ കേരള മൈഗ്രേഷൻ സർവേയെ അടിസ്ഥാനമാക്കിയാണ് 2022 മാർച്ചിൽ ലോകബാങ്ക് പോളിസി റിസർച്ച് വർക്കിങ് പേപ്പർ പ്രസിദ്ധീകരിച്ചത്. അതായത്, റിപ്പോർട്ടിലെ വിവരങ്ങൾ 2013ൽ ശേഖരിച്ച ഡേറ്റയാണ്. കേരളത്തിലെ 14 ജില്ലകളിലായി 14,575 കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. 13 വർഷം പഴക്കമുള്ള ഡേറ്റയെ ഇന്നത്തെ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളുമായി നേരിട്ട് താരതമ്യം ചെയ്യുന്നതിൽ പരിമിതികളുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട് ചർച്ചയായതോടെ കോൺഗ്രസ് എംപി ശശി തരൂരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലോകബാങ്കിന്റെ കണ്ടെത്തലുകളെ ‘അസ്വസ്ഥപ്പെടുത്തുന്ന റിപ്പോർട്ട്’ എന്ന് വിശേഷിപ്പിച്ച തരൂർ, കേരളം മതസൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും ഇസ്ലാമിന്റെ ഉദാരവും പുരോഗമനപരവുമായ രീതികൾക്കും പേരുകേട്ടതാണെന്ന് വ്യക്തമാക്കി.
വിദേശത്തുനിന്നുള്ള യാഥാസ്ഥിതികവും പ്രതിലോമകരവുമായ മനോഭാവങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും, മുസ്ലിം സമുദായത്തിനകത്ത് ഗൗരവമായ ആത്മപരിശോധനയും ആഭ്യന്തര ചർച്ചയും വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പഠനം 2013ലെ ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന വിശദീകരണങ്ങൾ വന്നതോടെ വിമർശനങ്ങളെ തരൂർ സ്വാഗതം ചെയ്തു. വിമർശനങ്ങൾ ആവശ്യമായ തിരുത്തലാണെന്നും ‘നമുക്കെല്ലാവർക്കും കേരളം കേരളമായി തന്നെ തുടരണമെന്നാണ് ആഗ്രഹം’ എന്നും അദ്ദേഹം വ്യക്തമാക്കി.
പഠനത്തെ കേരളത്തിന്റെ വിശാലമായ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്തണമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞനായ ഇരുദയ രാജന്റെ അഭിപ്രായം. കേരളീയ സമൂഹത്തിലുണ്ടായിരുന്ന പൊതുവായ യാഥാസ്ഥിതിക മനോഭാവത്തിന്റെ ഭാഗമായാണ് കണ്ടെത്തലുകളെ കാണേണ്ടതെന്നും കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി പ്രവാസികൾ മാത്രമാണ് അതിക്രമങ്ങൾക്ക് കാരണമെന്ന് പഠനം അർഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പഠനത്തിലെ സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യതയെ പ്രമുഖ സാമ്പത്തിക വിദഗ്ധൻ പോൾ നൊവോസാഡ് ചോദ്യം ചെയ്തു. റിപ്പോർട്ടിലെ അവകാശവാദങ്ങളും അടിസ്ഥാന ഡേറ്റയും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. 2013ലെ ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകൾ ഇന്നത്തെ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധൻ പ്രശാന്ത് കുമാർ റോയിയും ചൂണ്ടിക്കാട്ടി. പഴയ ഡേറ്റയും ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളും തമ്മിലുള്ള വ്യത്യാസം തന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന്റെ പ്രധാന പശ്ചാത്തലം.




