ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമി, അവകാശങ്ങൾ, ഉപജീവനമാർഗങ്ങൾ എന്നിവ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിൽ നടപ്പാക്കുന്ന പുതിയ നിയമങ്ങളും പരിഷ്കാര നടപടികളും പ്രദേശവാസികളുടെ പരമ്പരാഗത ഉപജീവനമാർഗങ്ങളെയും സംസ്കാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ സ്വന്തം ഭൂമിയിൽ വീടുകൾ നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രദേശവാസികൾക്ക് തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ അഭിപ്രായവും പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളും ദുർബലപ്പെടുത്തിയാണ് കേന്ദ്രം പുതിയ നിയമങ്ങൾ നടപ്പാക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി പുതിയ പരിഷ്കാര നടപടികൾ ഉടൻ പിൻവലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയോട് കത്തിലൂടെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.


