ഒടുവിൽ പിടിയിൽ; കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം: ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 4 വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്നും യുവതി പരാതി നൽകിയിരുന്നു. പിന്നാലെ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തി. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഭർത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.
വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം ഏൽക്കേണ്ടി വന്നുവെന്നുമാണ് യുവതിയുടെ പരാതി. ഏറെ വർഷങ്ങളായി യുകെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യുകെയിൽ വച്ചാണു സ്വകാര്യ ദൃശ്യങ്ങൾ അവിടത്തെ അശ്ലീല വെബ് സൈറ്റുകൾക്കു ഭർത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭർത്താവിനെ കൗൺസലിങ്ങിനു വിധേയമാക്കിയെങ്കിലും പിന്നീടും മർദനമേൽക്കേണ്ടി വന്നുവെന്നു യുവതി മൊഴി നൽകി.
10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നെന്നും കുളിമുറിയിൽ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നൽകി. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി. കൗൺസലിങ് നടത്തിയാൽ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭർത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തിൽ താൽപര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗൺസലിങ്ങിനിടെ ഭർത്താവ് പറഞ്ഞതെന്നും യുവതി മൊഴി നൽകിയിരുന്നു.




