ഐസിഎൽ ‘ഒന്നിച്ചോണം പൊന്നോണം 2026’; ഓഗസ്റ്റ് 23ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

ഐസിഎൽ ഓണാഘോഷ പരിപാടിയായ “ഒന്നിച്ചോണം പൊന്നോണം 2026” ഓഗസ്റ്റ് 23ന് ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ, സ്പോർട്സ്, രജിസ്ട്രേഷൻ മന്ത്രി ഒ. ജെ. ജനീഷ് മുഖ്യാതിഥിയായിരിക്കും. ഐസിഎൽ ഫിൻകോർപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ് കെ. ജി. അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.ഐസിഎൽ ഫിൻകോർപ്പ് സിഇഒയും, ഹോൾ ടൈം ഡയറക്ടറും വൈസ് ചെയർപേഴ്സണുമായ ഉമ അനിൽകുമാർ സ്വാഗതം ആശംസിക്കും.
ചടങ്ങിൽ ബിഷപ്പ് പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട, നാട്ടിക, കൈപ്പമംഗലം, തൃശ്ശൂർ, പുതുക്കാട്, കുന്നംകുളം, ചാലക്കുടി, ഗുരുവായൂർ എംഎൽഎമാർ, മുൻ മന്ത്രി ആർ. ബിന്ദു, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എന്നിവരും, സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ഐസിഎൽ മാനേജ്മെന്റും ജീവനക്കാരും ഇരിങ്ങാലക്കുട പൗരാവലിയും സംയുക്തമായാണ് ഈ മഹാഘോഷം ഒരുക്കുന്നത്. ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിൽ സ്ഥാപനങ്ങളുള്ള പ്രമുഖ ബിസിനസ് കൺഗ്ലോമെറേറ്റാണ് ഐസിഎൽ ഗ്രൂപ്പ്.
ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 23 വൈകുന്നേരം മൂന്ന് മണിക്ക് ഇരിങ്ങാലക്കുട നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് സാംസ്കാരിക ഘോഷയാത്ര നടക്കും

ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 23 വൈകുന്നേരം മൂന്ന് മണിക്ക് ഇരിങ്ങാലക്കുട നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് സാംസ്കാരിക ഘോഷയാത്ര നടക്കും. ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഠാണാവ് വഴി സഞ്ചരിച്ച് മുനിസിപ്പൽ മൈതാനത്ത് സമാപിക്കും. പുലിക്കളി, കുമ്മാട്ടിക്കളി, ഫ്ലാഷ് മോബ്, തിരുവാതിരക്കളി, ടാബ്ലോ, ഓണവുമായി ബന്ധപ്പെട്ട ഫാൻസി ഡ്രസ്സ് തുടങ്ങി നിരവധി കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയ്ക്ക് പൊലിപ്പേകും.
തുടർന്ന് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന “ബിഗ് സ്ക്രീൻ അവാർഡ്സ് 2026” സന്ധ്യ അരങ്ങേറും. പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റേജ് പെർഫോമൻസ് ചടങ്ങിന്റെ പ്രധാന ആകർഷണമായിരിക്കും. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിരിക്കുന്നു.




