അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹത

ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. സംശയങ്ങൾ ഒരുപാടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഉയരത്തിലുള്ള ട്രാക്കിലേക്ക് കുറ്റിച്ചെടികൾക്കിടയിലൂടെ കുട്ടി എങ്ങനെയെത്തിയെന്നതാണ് നാട്ടുകാരുടെ സംശയം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
അറിയുന്ന പരിധിക്കപ്പുറം പോകാത്ത കുട്ടി ഇത്രയും ദൂരം നടന്ന് കയറ്റമുള്ള വഴയിലൂടെ കയറി ട്രാക്കിലെത്തിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രദേശവാസിയായ യുവതി പറയുന്നു. ഇന്നലെ വൈകുന്നേരമാണ് അമ്പലപ്പുഴ കക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ട്രെയിൻ തട്ടി മരിച്ചത്..
ഇന്നലെ വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ തട്ടിയാണ് കുഞ്ഞ് മരിച്ചത്. വീടിന് സമീപത്തുള്ള ട്രാക്കിലേക്ക് കുഞ്ഞ് ഇഴഞ്ഞ് എത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.




