‘ഫോട്ടോ എടുത്താൽ എന്താ കുഴപ്പം? ലഹരി വിവാദത്തിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ!

പെരുമ്പാവൂർ എംഡിഎംഎ കേസിൽ പിടിയിലായ കോൺഗ്രസ് പ്രവർത്തകനുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ രംഗത്ത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ നിരവധി ആളുകൾ തന്നെ വന്നു കാണാറുണ്ടെന്നും, അവരോടൊപ്പം ഫോട്ടോ എടുക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം ചോദിച്ചു. പ്രതിയെ താൻ പരിചയപ്പെട്ടത് നവകേരള സദസുമായി ബന്ധപ്പെട്ടാണെന്നും, ഇക്കാര്യങ്ങൾ മുൻപുതന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി. ലഹരി വിവാദവും ചിത്രങ്ങളും രാഷ്ട്രീയ തലത്തിൽ ചർച്ചയാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഇതിനിടയിൽ സംസ്ഥാനത്തെ വികസന പദ്ധതികളുടെ മെല്ലെപ്പോക്കിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. റോഡ്-റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ മുൻ സർക്കാരിനുണ്ടായ വീഴ്ച കയറ്റുമതി-ഇറക്കുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യം 1600 കോടി രൂപ മതിയായിരുന്നുവെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം മൂലം ഇപ്പോൾ അത് 3200 കോടി രൂപയായി വർധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, മെസ്സിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരളാ ജിഎസ്ടി വകുപ്പിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അദ്ദേഹം അറിയിച്ചു. ജിഎസ്ടി തട്ടിപ്പിലൂടെ സർക്കാരിന് 22 കോടി രൂപയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ഈ തട്ടിപ്പ് കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് അത് മരവിപ്പിക്കുകയായിരുന്നു. ഇത് എന്തിനുവേണ്ടിയായിരുന്നുവെന്നും ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും എസ്ഐടി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക വകുപ്പ് സെക്രട്ടറി നൽകിയ പരാതിയിന്മേൽ പരിശോധന പൂർത്തിയായെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സതീശൻ പ്രതികരിച്ചു. എൽഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ക്രൂരമായ ട്രാൻസ്ഫറുകളാണ് നടന്നതെന്ന് പറഞ്ഞ അദ്ദേഹം, ഭാര്യയെയും ഭർത്താവിനെയും രണ്ട് ധ്രുവങ്ങളിലേക്ക് മാറ്റിയും കുടുംബങ്ങളെ തകർക്കുന്ന രീതിയിലുമുള്ള നടപടികളാണ് അന്ന് നടന്നത് കൂട്ടിച്ചേർത്തു. ട്രാൻസ്ഫറിന്റെ പേരിൽ ആത്മഹത്യ നടന്നു എന്ന പ്രചാരണം തെറ്റാണെന്നും ഗവൺമെന്റ് മാറുമ്പോൾ സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഓണം കഴിയുന്നതോടെ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




