News

ജാർഖണ്ഡിലെ വിദ്യാർത്ഥി സമരത്തിന് വിജയം; സർക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള സമവായത്തെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളും തമ്മിൽ സമവായത്തിലെത്തിയതിനെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി ഹേമന്ത് സോറനും ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾ ആത്മസംയമനം പാലിച്ചുകൊണ്ട് തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുകയാണ് വേണ്ടതെന്നും, രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കൊപ്പവും തങ്ങൾ നിലകൊള്ളുമെന്നും രാഹുൽ പറഞ്ഞു. കഠിനാധ്വാനത്തിന്റെ പൂർണ്ണഫലവും നിഷ്പക്ഷമായ മത്സരത്തിനുള്ള അവകാശവും ഉറപ്പാക്കാൻ നിലവിലുള്ള ചൂഷണ സംവിധാനം മാറ്റിയെടുക്കുമെന്നും, വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കുന്നതിന് പകരം മുന്നോട്ട് നയിക്കുന്ന പുതിയൊരു സിസ്റ്റം രാജ്യത്തുടനീളം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചത്. ലഖ്നൗ കേന്ദ്രീകരിച്ചുള്ള ടി.ഡി.പി.എൽ. കമ്പനി സംഘടിപ്പിച്ച ജെ.എസ്.എസ്.സി. സി.ജി.എൽ. പരീക്ഷ ഉൾപ്പെടെയുള്ള മുഴുവൻ പരീക്ഷകളും റദ്ദാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

കൂടാതെ, 2014 മുതലുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന്, 16 ദിവസം നീണ്ടുനിന്ന നിരാഹാര സമരം വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ അവസാനിപ്പിച്ചു. മന്ത്രിമാരായ ദിപിക പാണ്ഡെ സിങ്, ഇർഫാൻ അൻസാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമരം പിൻവലിച്ചത്. തങ്ങളെ പിന്തുണച്ച മുഖ്യമന്ത്രി ഹേമന്ത് സോറനും രാഹുൽ ഗാന്ധിക്കും മറ്റ് മന്ത്രിമാർക്കും ദേവേന്ദ്ര നാഥ് മഹ്തോ നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button