Blog

‘വന്ദേമാതരം ആലപിച്ചില്ല’; മുസ്ലിം ലീഗിന്റെ അജണ്ട നടപ്പാക്കുന്നു, മുഖ്യമന്ത്രിക്കെതിരെ ഷോൺ ജോർജ്

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കുറച്ചുകാലമായി ജമാഅത്തെ ഇസ്ലാമിയുമായും രാജ്യവിരുദ്ധ സഖ്യങ്ങളുമായും മുഖ്യമന്ത്രി അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും ഷോൺ കുറ്റപ്പെടുത്തി.

“വന്ദേമാതരം പാടുമോയെന്ന ചോദ്യത്തിന് ഓഗസ്റ്റ് 15-ന് കാര്യങ്ങൾ അറിയാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പാണക്കാട് പോയി അനുമതി വാങ്ങിയിട്ടെങ്കിലും അദ്ദേഹം വന്ദേമാതരം പാടുമെന്നാണ് കരുതിയത്,” ഷോൺ ജോർജ് പരിഹസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് മുസ്ലിം ലീഗ് ആണെന്നും ലീഗിന്റെ അജണ്ടയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരത്തെ അപമാനിക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും ബി.ജെ.പി. ശക്തമായി എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരത്തിൽ വന്ദേമാതരം പാടേണ്ടതില്ല എന്ന് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഉത്തരവിറക്കിയിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച മുഖ്യമന്ത്രി ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്, വന്ദേമാതരം ഒഴിവാക്കുകയായിരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സർക്കുലർ അടിസ്ഥാനമാക്കി വന്ദേമാതരം മുഴുവൻ പാടണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നെങ്കിലും സർക്കാർ ഇത് പൂർണ്ണമായും നടപ്പിലാക്കിയില്ല.

ദേശഭക്തിഗാനമായി ഉയർത്തപ്പെട്ട വന്ദേമാതരം പൂർണ്ണമായി ആലപിച്ചില്ലെങ്കിൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും സർക്കാരിന് മുന്നിലുണ്ടായിരുന്നു. വന്ദേമാതരം വിഷയത്തിൽ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും ഓഗസ്റ്റ് 15-ന് അത് വ്യക്തമാകുമെന്നുമായിരുന്നു മുഖ്യമന്ത്രി ഇതിന് മുൻപ് പ്രതികരിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button