ബെവ്കോ ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങുന്നതിന് കൈക്കൂലി, രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കൊല്ലം: കരുനാഗപ്പള്ളിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. സുധിൻരാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെവ്കോ എം.ഡിയാണ് നടപടിയെടുത്തത്.
മൂന്ന് ലിറ്റർ മദ്യം വാങ്ങിയ ആളിൽ നിന്ന് ജീവനക്കാരൻ 50 രൂപ ചോദിച്ച് വാങ്ങുന്ന ദൃശ്യം പുറത്തുവന്നിരുന്നു. മദ്യം വാങ്ങിയവർ തന്നെയാണ് ദൃശ്യം പകർത്തിയത്. അധികപണം വാങ്ങിയ ജീവനക്കാരനാണ് അമൽദേവ്. സുധിൻരാജ് ആയിരുന്നു ഷോപ്പിന്റെ ഇൻ ചാർജ്.
പരാതി ഉയർന്നിട്ടും സുധിൻരാജ് അന്വേഷിക്കാൻ തയ്യാറായില്ലെന്നു് ആക്ഷേപമുണ്ടായിരുന്നു. തുടർന്നാണ് സുധിൻരാജിനെതിരെയും നടപടിയെടുത്തത്.ദൃശ്യം സഹിതം പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷിച്ച് നടപടിയെടുക്കാൻ എക്സൈസ് മന്ത്രി എം.ലിജു നിർദ്ദേശം നൽകിയിരുന്നു. ബെവ്കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗവും പരാതിയിൽ അന്വേഷണം നടത്തും. റിപ്പോർട്ട് ഉടൻ കൈമാാറണമെന്ന് ഓഡിറ്റ് സംഘത്തിന് നിർദ്ദേശം നൽകി.




