BlogKeralaNews

സഭാ തര്‍ക്കം: ആറു പള്ളികളില്‍ നല്‍കി വന്ന പൊലീസ് സംരക്ഷണം റദ്ദാക്കി ഹൈക്കോടതി

സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികളില്‍ നല്‍കി വന്നിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികളില്‍ മതചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭ വികാരിമാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ കെ പ്രീത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
പാലക്കാട്ടെ ചെറുകുന്നം, എരിക്കിന്‍ചിറ, മംഗലം ഡാം, കൊല്ലത്തെ മുഖത്തല, എറണാകുളം ഓടക്കാലി, കാക്കൂര്‍ ആട്ടിന്‍കുന്ന് എന്നീ പള്ളികളിലെ പൊലീസ് സംരക്ഷണവുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ 2023 ജനുവരി 31ലെ ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്.

സഭാ തര്‍ക്കം ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലപ്രദമാകട്ടെയെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. പള്ളി സ്വത്തിന്റെ അവകാശം സംബന്ധിച്ചു ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. നിരന്തരമായി ക്രമസമാധാന പ്രശ്‌നമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

പൗരന്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ഒഴികെയുള്ള സാഹചര്യങ്ങളില്‍ മതപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിക്ഷ്പക്ഷത പാലിക്കുന്നതാണ് ഉചിതം. ഇടപെടുന്നതില്‍ നിയന്ത്രണം പാലിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പൊതുജനങ്ങളെ ബാധിക്കുന്ന രീതിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മധ്യസ്ഥതയിലൂടെ ഇടപെടേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button