യാത്രക്കിടെ അഞ്ചുവയസ്സുകാരന് അപസ്മാരം; കെഎസ്ആര്‍ടിസി ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച്

മലപ്പുറം: യാത്രക്കിടെ അപസ്മാരം ബാധിച്ച അഞ്ചുവയസ്സുകാരന് സമയോചിതമായി ചികിത്സ ലഭ്യമാക്കാൻ ആശുപ്രതിയിലേക്ക് കുതിച്ചുപാഞ്ഞ് കെഎസ്ആർടിസി ബസ്. ലൈറ്റിട്ടും ഹോൺ മുഴക്കിയും യാത്രക്കാരുമായി താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചെത്തിയ കെഎസ്ആർടിസി ബസ് കണ്ടപ്പോൾ നാട്ടുകാരും ആശുപത്രിയിലുള്ളവരും ആദ്യം അമ്പരന്നെങ്കിലും പിന്നീടാണ് സംഭവം മനസ്സിലായത്. ചാവക്കാട് അകലാട് സ്വദേശികളായ കച്ചോത്തറ സാദിഖ്-ഇർഫാന ദമ്പതികളുടെ മകൻ ഇഹ്സാനാണ് ഈ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്.
കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ചിറക്കലിലെത്തിയപ്പോഴാണ് കുട്ടിക്ക് പൊടുന്നനെ അപസ്മാരം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കൂടെയുണ്ടായിരുന്നവരും യാത്രക്കാരും പരിഭ്രാന്തരായി. ഉടൻതന്നെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഇടപെട്ട് കുട്ടിക്ക് അടിയന്തര സഹായം നൽകുകയും തുടർന്ന് ബസ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അതിവേഗം തിരിച്ചുവിടുകയുമായിരുന്നു. ഡ്രൈവറായ പൊന്നാനി സ്വദേശി വിഷ്ണുവിനെയും കണ്ടക്ടറായ ആനക്കര സ്വദേശി സുരേഷ് കുമാറിനെയും വകുപ്പ് ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു.




