News

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം! ടി. ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. ആഗസ്റ്റ് 9ന് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്നാണ് തിരുവനന്തപുരം സൈബർ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മോഹൻദാസ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും, ആളുകൾ മരിച്ചാലും സമരം അടിച്ചമർത്തണമെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. കൂടാതെ സമരം ചെയ്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും നടത്തിയിരുന്നു. ഈ പരിശോധനയിൽ അധിക്ഷേപ വീഡിയോ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 29-നാണ് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ലഹളയ്ക്ക് ശ്രമിച്ചതടക്കം നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളുടെ ലാപ്ടോപ്പും ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button