സിജെപിയുമായുള്ള അനാവശ്യ താരതമ്യം: തരൂരിനോട് കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, താക്കീതുമായി കെസി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസിനെ സിജെപിയുമായി ശശി തരൂർ എംപിയുടെ താരതമ്യപ്പെടുത്തിയതിൽ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. തരൂരിന്റേത് രാഹുൽ ഗാന്ധിയുടെ നീക്കങ്ങളെ അപ്രസക്തമാക്കുന്ന പ്രസ്താവനയാണെന്നാണ് വിമർശനം. വിഷയത്തിൽ തരൂരിന് താക്കീതുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി.
ബിജെപിയ്ക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽ നിന്ന് തരൂർ ഒഴിഞ്ഞുമാറണമെന്ന് അദ്ദേഹം പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകളും വാർത്താസമ്മേളനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ പരാമർശം.
പെല്ലെറ്റ് ഗൺ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ആക്രമണം പൊതുസമൂഹത്തിന് മുന്നിൽകൊണ്ടുവന്നത് രാഹുൽ ഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിൽ നടത്തിയ സമരവും ജെൻസിക്ക് വേണ്ടിയായിരുന്നുവെന്നും ഇതൊന്നും കാണാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് തരൂരിനോട് തന്നെ ചോദിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.അതേസമയം, വിവാദപരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തി.
തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും പാർട്ടിയ്ക്കും നേതൃത്വത്തിനുമെതിരായ ആക്രമണമെന്ന് വ്യാഖ്യാനിച്ചെന്നും തരൂർ വിശദീകരിച്ചു. കഴിഞ്ഞ ദിവസം മുംബയിൽ നടന്ന ഒരു സംവാദ പരിപാടിയിലാണ് തരൂരിന്റെ വിവാദപരാമർശം ഉണ്ടായത്. ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു പ്രസ്താവന. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും
എന്നാൽ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തിയിരുന്നു.രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ സിജെപിയെ പോലെ ഫലപ്രദമായില്ല. യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തരൂരിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.




