മുതലപ്പൊഴിയിൽ ഷിജിനായി തെരച്ചിൽ ശക്തം; സ്കൂബ സംഘവും കോസ്റ്റ്ഗാർഡും രംഗത്ത്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടക്കവെ, തെരച്ചിലിനായി നാലംഗ സ്കൂബ സംഘം സ്ഥലത്തെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഷിജിൻ അപകടത്തിൽപെട്ട സ്ഥലമുൾപ്പെടെ കേന്ദ്രീകരിച്ചായിരിക്കും സ്കൂബ സംഘം പരിശോധന നടത്തുക.
അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സ്കൂബ ടീമിനെ തെരച്ചിലിനായി അയക്കാത്തതിൽ പ്രദേശവാസികൾക്കിടയിലും ബന്ധുക്കൾക്കിടയിലും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂബ ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് വിപുലമായ രീതിയിലുള്ള തെരച്ചിൽ ആരംഭിച്ചു. കടലിലും കായലിലുമായി ഫിഷറീസ് പട്രോൾ ബോട്ട്, വള്ളങ്ങൾ, ലൈഫ് ഗാർഡുകൾ, കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ തെരച്ചിൽ പുരോഗമിക്കുന്നത്.
കാണാതായ ഗൗതം കൃഷ്ണയുടെ ബന്ധുക്കളും തെരച്ചിൽ സംഘത്തോടൊപ്പം പങ്കാളികളാകുന്നുണ്ട്. വ്യോമമാർഗം നിരീക്ഷിക്കുന്നതിനായി ഡ്രോൺ തെരച്ചിൽ തുടരുകയാണ്.കടലിലെ തിരച്ചിലിനായി കോസ്റ്റ് ഗാർഡിന്‍റെ ഷിപ്പും കൊച്ചിയിൽനിന്ന് കോസ്റ്റ് ഗാർഡിന്‍റെ ഡോണിയർ എയർക്രാഫ്റ്റും ഉണ്ട്. എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് ഷിജിനായി തെരച്ചിൽ ശക്തമായി തുടരുകയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.




