കെ. എം. ബഷീർ കേസിൽ നിർണായക വഴിത്തിരിവ്; ശ്രീറാമിനെതിരെ ദൃക്‌സാക്ഷിയുടെ മൊഴി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ നിർണായക മൊഴിയുമായി സാക്ഷി. കേസിലെ അഞ്ചാം സാക്ഷിയും പിഡബ്ല്യുഡി ഓഫീസ് വാച്ച്മാനുമായ മിഥുൻ തോമസാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അപകടം നടന്നതിന് പിന്നാലെ ശ്രീറാമിനെ കണ്ടപ്പോൾ കൈകളിൽ രക്തം പുരണ്ടിരുന്നതായാണ് മിഥുൻ കോടതിയിൽ മൊഴി നൽകിയത്.
അപകടം നടക്കുന്ന ദിവസം താനും സുഹൃത്ത് അനിൽകുമാറുമാണ് ഓഫീസിൽ ഡ്യൂട്ടിക്കുണ്ടായിരുന്നത്. കാർ ഇടിക്കുന്നത് നേരിട്ട് കണ്ടില്ലെങ്കിലും വാഹനം അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടിരുന്നു. ആ സമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. പിറ്റേന്ന് മാദ്ധ്യമങ്ങളിലൂടെയാണ് അപകടത്തിന്റെ വിവരങ്ങൾ അറിഞ്ഞത്. അപ്പോഴാണ് കൊല്ലപ്പെട്ടത് മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറാണെന്ന് അറിഞ്ഞതെന്നും മിഥുൻ കോടതിയിൽ മൊഴി നൽകി.
കേസിൽ നാലാം സാക്ഷിയായ അനിൽകുമാർ നേരത്തെ മൊഴി നൽകിയിരുന്നു.കേസിലെ ഏകപ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റ് വെളുപ്പിന് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീർ മരിച്ചത്.




