ട്രംപിന്റെ മറൈൻ വണ്ണിന് തൊട്ടരികിലൂടെ യാത്രാവിമാനം; അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ മറൈൻ വണ്ണും യാത്രാവിമാനവും അടുത്തെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) ചേർന്നാണ് അന്വേഷണം ആരംഭിച്ചത്.
വൈറ്റ് ഹൗസിൽ നിന്ന് ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്ക് പോവുകയായിരുന്നു ട്രംപിന്റെ ഹെലികോപ്ടർ. എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയത്തിലെ തടസം കാരണമാണ് വിമാനവും ഹെലികോപ്ടറും തൊട്ടടുത്ത് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഓഗസ്റ്റ് നാലിന് വാഷിംഗ്ടണിന് മുകളിൽ നടന്ന സംഭവം ഒരു അമേരിക്കൻ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
മികച്ച പൈലറ്റുമാരാണ് മറൈൻ വൺ പറത്തുന്നതെന്നാണ് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞത്. 2025 ജനുവരിയിൽ വിമാനവും സൈനിക ഹെലികോപ്ടറും കൂട്ടിയിടിച്ച് 67പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിരുന്നു.




