‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ പ്രതിഷേധമറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഒരു കാരണവശാലും ജലനിരപ്പുയർത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡാമിന്റെ സുരക്ഷ പ്രധാന വിഷയമാണ്. ജലനിരപ്പ് 142 അടി എന്ന നിലപാടിൽ മാറ്റമില്ല. തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയിൽ പോകുന്നതടക്കം പരിഗണിക്കും. തമിഴ്‌നാടിനെ ഔദ്യോഗികമായി പ്രതിഷേധമറിയിക്കും’- മന്ത്രി പറഞ്ഞു.തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്‌ജറ്റിലായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായത്.
നിലവിലെ കരാറുകൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ് ഉയർത്തുമെന്ന് ധനമന്ത്രി എൻ മേരി വിൽസൺ അറിയിക്കുകയായിരുന്നു. നേരത്തെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേയ്ക്ക് ഉയർത്താൻ സുപ്രീംകോടതി തമിഴ്നാടിന് അനുമതി നൽകിയിരുന്നു.
എന്നാൽ കേരളം ആശങ്കയറിയിച്ചതോടെ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തി.അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം തമിഴ്നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ നിന്ന് കൂടുതൽ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.




