KeralaNews

‘മന്ത്രിയുടെ വാക്കുകൾ കേവലം ഒരു നാക്കുപിഴയല്ല, മറിച്ച്, അതിൽ മുഴച്ചുനിൽക്കുന്നത് യുഡിഎഫ് സർക്കാരിന്റെ നയസമീപനമാണ്’ പിണറായി വിജയൻ

കാശുവേണ്ടാത്ത ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നുള്ള വിവാദ പ്രസ്താവനയിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമപദ്ധതികൾ ജനങ്ങളുടെ അവകാശമാണെന്ന എൽഡിഎഫ് നയം അട്ടിമറിച്ച്, അവ സർക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ പറഞ്ഞു. സ്ത്രീകൾക്കായുള്ള സൗജന്യയാത്ര തുടങ്ങി കേവലം രണ്ട് മാസം പിന്നിടുമ്പോഴേക്കും അവർ സൗജന്യയാത്രയ്ക്ക് ബസിൽ തള്ളിക്കയറുന്നവരാണെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യവും അവഹേളനപരവുമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനം. എന്നാൽ, അധികാരത്തിൽ എത്തിയപ്പോൾ അത് ഓർഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കി. ഇപ്പോൾ, പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ ദാരിദ്ര്യം അഭിനയിക്കുന്നവരെന്ന് പരിഹസിക്കുക മാത്രമല്ല, സ്വകാര്യബസ് മേഖല പ്രതിസന്ധി നേരിടുന്നതിന് കാരണം അവർ കെഎസ്ആർടിസിയിൽ തള്ളിക്കയറുന്നതാണെന്ന് കൂടി നിർലജ്ജം ആരോപിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ കേവലം ഒരു നാക്കുപിഴയല്ല, മറിച്ച്, അതിൽ മുഴച്ചുനിൽക്കുന്നത് യുഡിഎഫ് സർക്കാരിന്റെ നയസമീപനമാണ്. സാമ്പത്തികമായ മുന്നൊരുക്കങ്ങളില്ലാതെയും മതിയായ ഫണ്ട് അനുവദിക്കാതെയും സൗജന്യ യാത്ര നടപ്പിലാക്കിയത് കെഎസ്ആർടിസിയെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭരണതലത്തിലെ സ്വന്തം വീഴ്ചകൾക്ക് സ്ത്രീകളെ പഴിചാരുകയാണ് ഗതാഗതമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

‘ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ, നിങ്ങൾ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്’; വിമർശനവുമായി ഗണേഷ് കുമാർ
കേരളത്തിൽ കുടുംബിനികളുടെ കയ്യിൽ പണമില്ലെന്ന് മന്ത്രി പുച്ഛിക്കുമ്പോൾ, അവരുടെ ക്ഷേമത്തിനായി പ്രതിമാസം ആയിരം രൂപ വീതം നൽകി നടപ്പാക്കിയ ‘സ്ത്രീ സുരക്ഷാ പദ്ധതി’ മുടക്കിയത് ഈ സർക്കാരാണെന്നത് ഓർക്കണം. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രക്രിയയിലെ മാതൃകയായ കുടുംബശ്രീയെ തകർക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. കുടുംബശ്രീയിലെ കൂട്ട പിരിച്ചുവിടൽ അതിന്റെ സൂചനയാണ്. അഞ്ചരലക്ഷം പേർക്ക് വീട് നൽകിയ ലൈഫ് പദ്ധതിയും മുടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ബജറ്റിൽ പദ്ധതി തുടരാനാവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button