മന്ത്രി സി.പി. ജോണിനെതിരെ ആനി രാജ; ‘പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’

സിപി ജോൺ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. കാര്യങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹം അത്തരത്തിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, പ്രസ്താവന തികച്ചും അപലപനീയമാണെന്നും ആനി രാജ വ്യക്തമാക്കി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നത് സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ല. സ്ത്രീകൾ ഈ പദ്ധതി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം മോശം നിലപാടുകൾ ഉണ്ടായതെന്നും അവർ കുറ്റപ്പെടുത്തി.
എ.പി.എൽ, ബി.പി.എൽ എന്നിങ്ങനെയുള്ള യാതൊരുവിധ മാനദണ്ഡങ്ങളും മുൻകൂട്ടി വെക്കാതെ, പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണ് സർക്കാരെന്നും ആനി രാജ ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് ആവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്. എന്നാൽ പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് യാതൊരുവിധ മുൻകൂട്ടിയുള്ള പഠനവും നടത്തിയിരുന്നില്ല എന്നതിന്റെ തെളിവാണ് മന്ത്രിയുടെ പ്രസ്താവനയെന്നും അവർ വിമർശിച്ചു. കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയ്ക്കായി സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും, ഇവർ സ്വന്തം മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ വിടുകയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഒഴിവാക്കി സർക്കാർ ആശുപത്രികളുടെ വരാന്തകളിൽ കിടക്കുകയും ചെയ്യുമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
അതിനിടെ, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിയുടെ പരാമർശം തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത പ്രതികരിച്ചു. സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചിട്ട് അവർ ബസ്സിൽ തള്ളിക്കയറുന്നു എന്ന് പറയുന്നത് വളരെ മോശമായ പ്രവണതയാണ്. അങ്ങേയറ്റം അപലപനീയമായ ഈ പരാമർശത്തിന്റെ പേരിൽ സ്ത്രീയോട് മന്ത്രി മാപ്പ് പറയണമെന്നും, അല്ലെങ്കിൽ കേരളമാകെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി.എസ്. സുജാത മുന്നറിയിപ്പ് നൽകി.



