News

കെ എം ബഷീറിന്റെ മരണം; വിചാരണ നീതിപൂർവം നടക്കുമോയെന്നാശങ്ക, ഹൈക്കോടതിയെ സമീപിച്ച് ഭാര്യ

കൊച്ചി: സിറാജ് പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല. വിചാരണക്കോടതി മാറ്റിയതുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കോടതി മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താത്‌പര്യപ്രകാരമാണെന്നാണ് ബഷീറിന്റെ ഭാര്യ ഹർജിയിൽ ആരോപിക്കുന്നത്.

വിചാരണ നീതിപൂർവം നടക്കുമോയെന്നതിൽ ആശങ്കയുണ്ട്. നേരത്തെ കേസ് പരിഗണിച്ച സെഷൻസ് കോടതി ഒന്നിലേയ്ക്ക് കേസ് മാറ്റണം. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് പരിചയസമ്പത്തില്ല. അതിനാൽ പ്രോസിക്യൂട്ടറെ മാറ്റണം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി.

പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്.ബഷീർ ഓടിച്ച വാഹനത്തിൽ വന്നിടിച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് നാട്ടുകാർ പറഞ്ഞ് അറിഞ്ഞതായി സാക്ഷി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

സിറാജ് പത്രത്തിന്റെ ഡയറക്ടർ സൈഫുദീൻ ഹാജിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. കേട്ട കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നതായാണ് മൊഴി നൽകിയത്. ബഷീറിന് അപകടമുണ്ടായത് അറിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയത്. പൊലീസിന് പ്രാരംഭ മൊഴി നൽകിയത് താൻ ആണെന്നും സൈഫുദീൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button