മഴക്കെടുതി രൂക്ഷം; സർക്കാരിനോട് അടിയന്തര സഹായം തേടി ഭരണപക്ഷ എംഎൽഎമാർ

പത്തനംതിട്ട: മഴക്കെടുതി രൂക്ഷമായതോടെ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് പത്തനംതിട്ടയിലെ ഭരണപക്ഷ എംഎൽഎമാർ. റാന്നി എംഎൽഎ പഴകുളം മധുവിന് പിന്നാലെ ആറന്മുള എംഎൽഎ അബിൻ വർക്കിയും രംഗത്തെത്തിയിട്ടുണ്ട്. ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ചാണ് അബിൻ വർക്കി രംഗത്തെത്തിയത്.
റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വലിയ ദുരന്തമാണ് ഉണ്ടായത്.
റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.വ്യാപാരികൾക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കണമെന്നും ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റാന്നി എംഎൽഎ പഴകുളം മധു നേരത്തെ പ്രതികരിച്ചിരുന്നു.
ഇന്നലെ പെയ്ത കനത്തമഴയിൽ പമ്പാനദിയിലെ ജലനിരപ്പുയർന്ന് റാന്നി നഗരം മുങ്ങിയതോടെ ദുരിതത്തിലായി വ്യാപാരികൾ. 24 മണിക്കൂറിനുള്ളിൽ 339 മില്ലീമീറ്റർ മഴയാണ് റാന്നിയിൽ പെയ്തത്. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് റാന്നി നഗരം കടന്നുപോയത്.
ഇന്ന് രാവിലെ ജലനിരപ്പ് താഴ്ന്നെങ്കിലും ഭീമമായ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.ഓണക്കാലമായതിനാൽ മിക്ക കടകളിലും വലിയ അളവിൽ സാധനങ്ങളുണ്ടായിരുന്നു.കനത്ത മഴയെതുടർന്ന് അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായതോടെ കച്ചവടസാധനങ്ങളൊന്നും സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റാനുള്ള സാവകാശം കിട്ടിയില്ലെന്ന് വ്യാപാരികൾ പറയുന്നു.




