News

അൾജീരിയയിൽ വൻ ബസ് ദുരന്തം; നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു

അൾജിയേഴ്‌സ്: വടക്കൻ അൾജീരിയയിൽ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രി മുഹമ്മദ് സിദ്ദീഖ് ഐത് മസ്ഊദീൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.

സെറ്റിഫ് നഗരത്തിൽനിന്ന് തലസ്ഥാനമായ അൾജിയേഴ്‌സിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എൽ കാർമ പ്രദേശത്തെത്തിയപ്പോൾ ബസ് നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൗമെർദസ് സർവകലാശാല ആശുപത്രിയിൽ ചികിത്സയിലുള്ള ചിലരെ പ്രധാനമന്ത്രി സിഫി ഘ്രീബ് സന്ദർശിച്ചതായി പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അപകടത്തെതുടർന്ന് പ്രസിഡന്റ് അബ്‌ദെൽമദ്‌ജിദ് ടെബ്ബൂൺ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്വേഷണം പൂർത്തിയാക്കിയശേഷം അപകടത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസിന്റെ നിയന്ത്രണം നഷ്‌ടമാകാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് സിവിൽ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു.അമിതവേഗം കാരണമുള്ള റോഡപകടങ്ങൾ അൾജീരിയയിൽ പതിവാണെന്ന് റോഡ് സുരക്ഷാ അധികൃതർ പറയുന്നു.

കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന വിവിധ റോഡപകടങ്ങളിൽ 3,838 പേർ‌ മരിക്കുകയും 37000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രസിഡന്റ് ടെബ്ബൂണൽ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റിൽ അൾജിയേഴ്‌സിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ഡിസംബറിൽ ബെഷാർ മേഖലയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേരാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button