പൂഞ്ഞാർ ഉരുൾപൊട്ടൽ; മകന് പിന്നാലെ അമ്മയും മരിച്ചു, വീട് പൂർണമായും അപ്രത്യക്ഷമായി

കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മകനുപിന്നാലെ വീട്ടമ്മയും മരിച്ചു. റെജീന ജോണി ആണ് മരിച്ചത്. റെജീനയുടെ മകൻ ജോസഫിൻ ജോണിയുടെ (24) മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ജോസഫിൻ അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജോസഫിന്റെ പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായതിനാൽ രക്ഷപ്പെട്ടു. മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്ന് പത്ത് മീറ്റർ മാറി വീടിന്റെ മേൽക്കൂര തകർന്നുകിടന്നതിന്റെ അടിയിൽ നിന്നാണ് റെജീനയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിലാണ്. പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്.
മകനും മകനും മാത്രമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഉരുൾപൊട്ടിയതിന് പിന്നാലെതന്നെ നാട്ടുകാർ ഇങ്ങോട്ടേയ്ക്ക് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. റെജീനയുടെ വീടിന്റെ തൊട്ടുപിൻവശത്തുള്ള കുന്നിലാണ് ഉരുൾപൊട്ടിയത്. വീട് പൂർണമായും തകർന്നു. വീടിന്റെ മുന്നിലുണ്ടായിരുന്ന വാഹനങ്ങളും പൂർണമായും തകർന്നു.
റെജീനയുടെ രണ്ടാമത്തെ മകനാണ് ജോസഫിൻ. ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് കാന്റീൻ ജീവനക്കാരനായിരുന്നു. ഒരുമാസം മുൻപ് ഈരാറ്റുപേട്ടയിലുണ്ടായ ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്. എം ജെ ജോണി സ്കൂൾ ബസ് ഡ്രൈവറാണ്. പെൺമക്കൾ രണ്ടുപേരും എറണാകുളത്താണ്.




