‘പി.എം. ശ്രീ പദ്ധതി നിർത്താൻ ധൈര്യമില്ല’; യു.ഡി.എഫ് സർക്കാരിനെ വെല്ലുവിളിച്ച് പി. രാജീവ്

തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ മറന്ന് പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്ത്. തങ്ങൾ അധികാരത്തിൽ വന്നാൽ പി.എം. ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് വീമ്പിളക്കിയവർ ഇപ്പോൾ അത് നടത്തിക്കാണിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. വെറും വാഗ്ദാനങ്ങൾ നൽകാൻ മാത്രമല്ല, അത് നടപ്പിലാക്കാനും ഭരിക്കാനുമുള്ള നട്ടെല്ലാണ് വേണ്ടതെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാജീവ് തുറന്നടിച്ചു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഒരു ധാരണാപത്രത്തിൽ മാത്രമാണ് ഒപ്പുവെച്ചിരുന്നതെന്നും പിന്നീട് ഭരണതലത്തിൽ ആ നടപടികൾ പൂർണ്ണമായി നിർത്തിവെക്കുകയാണുണ്ടായതെന്നും വ്യക്തമാക്കിയ അദ്ദേഹം, പി.എം. ശ്രീയിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം യാതൊരുവിധ ഫണ്ടും ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
എസ്.എസ്.കെ ഫണ്ട് ലഭ്യമാക്കാൻ ക്യാബിനറ്റിന്റെ അനുമതിയില്ലാതെ ഏതെങ്കിലും സെക്രട്ടറി ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുകയാണ് വേണ്ടതെന്നും, മുൻ എൽ.ഡി.എഫ് സർക്കാർ ചെയ്തതുപോലെ പദ്ധതി നിർത്തിവെക്കാൻ ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടയിൽ, വഖഫ് ബോർഡ് പുനഃസംഘടന വൈകിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന മുസ്ലിം ലീഗിന്റെ ആരോപണത്തിനും പി. രാജീവ് ശക്തമായ മറുപടി നൽകി. 2013-ൽ ബോർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒരു വർഷത്തിനു ശേഷം 2014-ലാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ പുനഃസംഘടന നടത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലുള്ള ബോർഡിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായും, നിലവിലെ വഖഫ് മന്ത്രി അന്ന് ആ ബോർഡിൽ അംഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.



