News

വടകര എംഡിഎംഎ കേസ്: പിടിയിലായ അദ്ധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പിടിയിലായ അദ്ധ്യാപികമാർ ഇടത് അനുകൂല സംഘടനാ നേതാക്കളെന്ന് റിപ്പോർട്ട്. ഇവരുടെ സംഘടനാബന്ധം വെളിപ്പെടുത്തുന്ന പോസ്റ്ററുകൾ ഉൾപ്പെടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിആർസിയിലെ അദ്ധ്യാപകരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനറും ജോയിന്റ് കൺവീനറുമായിരുന്നു കാവ്യയും കീർത്തനയും എന്നാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ നീഷ്മയ്ക്ക് രാഷ്ട്രീയ ബന്ധമുണ്ടാേ എന്ന് വ്യക്തമല്ല.

ബിആർസിയിലെ ഭൂരിപക്ഷം നിയമനങ്ങളും താൽക്കാലിക കരാർ നിയമനങ്ങളാണ്. ഒരുവർഷത്തേക്കാണ് നിയമനമെങ്കിലും രാഷ്ട്രീയ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായി കരാറുകൾ ഓരോവർഷവും ഇവർക്കുതന്നെ പുതുക്കി നൽകാറുണ്ട്. കാവ്യയും കീർത്തനയും ഇങ്ങനെയാണ് ബിആർസിയിൽ തുടർന്നത്.

ഇവരുടെ മുൻകാല ചെയ്തികൾ പലതും മൂടിവയ്ക്കപ്പെട്ടത് രാഷ്ട്രീയ ബന്ധംകൊണ്ടാണെന്നും എതിരാളികൾ ആരോപിക്കുന്നുണ്ട്. എന്നാൽ ഇരുവരും രണ്ടുവർഷംമുമ്പാണ് കെആർടിഎയുടെ ബ്രാഞ്ച് ഭാരവാഹികളായിരുന്നതെന്നും അപ്പോൾ അവർക്ക് ലഹരിമാഫിയയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് സംഘടനാ നേതാക്കൾ പറയുന്നത്.അതേസമയം, കേസിൽ പൊലീസ് അന്വേഷണം ശക്തമായി തുടരുകയാണ്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കും.

കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും എന്നും സൂചനയുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ഇൻസ്റ്റഗ്രാം വഴി ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് അദ്ധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പണം മൂന്നുപേരും പങ്കിട്ടെടുക്കും.ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അദ്ധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് എത്തിയിരിക്കുന്നത്. പ്രതികൾക്ക് പണം അയച്ചുകൊടുത്തവരും നിരീക്ഷണത്തിലാണ്. എംഡിഎംഎ ആവശ്യക്കാർക്ക് നേരിട്ട് കൈമാറുന്നത് ആരാണെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button