₹20,000 തികഞ്ഞാൽ വിതരണം; ലഹരിക്കടത്തിന് അധ്യാപികമാർ ഉപയോഗിച്ചത് പുതിയ തന്ത്രം

കോഴിക്കോട്: എംഡിഎംഎ കച്ചവടവുമായി ബന്ധപ്പെട്ട് മൂന്ന് അദ്ധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ അദ്ധ്യാപികമാർ ഇടനിലക്കാരായാണ് പ്രവർത്തിച്ചിരുന്നത്. ആവശ്യക്കാർ അയക്കുന്ന പണം ഇവർ വിൽപ്പനക്കാർക്ക് നൽകിയതിന്റെ എല്ലാം തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ആവശ്യക്കാർ അയക്കുന്ന പണം 10,000, 20,000 രൂപയാകുമ്പോൾ എംഡിഎംഎ വിൽപ്പനക്കാർക്ക് അയച്ചുനൽകുന്നതാണ് ഇവരുടെ രീതി. ശേഷം ഒളിത്താവളത്തിൽ എത്താനുള്ള വഴി ഗൂഗിൾ മാപ്പിലൂടെ അയച്ചുകൊടുക്കും. ഇൻസ്റ്റഗ്രാം വഴി ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് അദ്ധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്.
ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പണം മൂന്നുപേരും പങ്കിട്ടെടുക്കും. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.അദ്ധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് എത്തിയിരിക്കുന്നത്. പ്രതികൾക്ക് പണം അയച്ചുകൊടുത്തവരും നിരീക്ഷണത്തിലാണ്.
എംഡിഎംഎ ആവശ്യക്കാർക്ക് നേരിട്ട് കൈമാറുന്നത് ആരാണെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം.പേരാമ്പ്ര ബിആർഎസിലെ അദ്ധ്യാപകരായ കാവ്യ, കീർത്തന, നീഷ്‌മ എന്നിവരാണ് ലഹരിക്കേസിൽ പിടിയിലായത്. നീഷ്‌മ സ്‌പെഷ്യൽ എജ്യൂക്കേറ്ററാണ്.
ഓട്ടിസം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപികയും അദ്ധ്യാപികമാരെ പരിശീലിപ്പിക്കുന്ന ട്രെയിനറുമായിരുന്നു. അറസ്റ്റിന് പിന്നാലെ കരാർ ജീവനക്കാരായ മൂന്നുപേരെയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു. കണ്ണൂർ ഇരിട്ടി സ്വദേശിയായ ജിജിലും കേസിൽ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായ കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അദ്ധ്യാപികയാണ്.




