
നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സിജെപിയുമായി കേന്ദ്ര സർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും. കേന്ദ്ര തീരുമാനം മന്ത്രിമാർ സമരക്കാരെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം എൻടിഎ പൊളിച്ചെഴുതി പ്രശ്നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ഇന്റർനെറ്റ് നിയന്ത്രണവും തുടരും.
ഭരണഘടനാ ക്ലബ്ബിൽ നടന്ന ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് CJP വീണ്ടും മുന്നോട്ടുവച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് വിവാദത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളും കേസുകളും പിൻവലിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
ഇന്നലെ നടന്ന ചർച്ചയ്ക്ക് ശേഷം പ്രതികരിച്ച സിജെപി വക്താക്കൾ, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ എഫ്ഐആറുകളും കേസുകളും പിൻവലിക്കുന്നതും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഉടൻ തീരുമാനം അറിയിക്കാതെ കൂടുതൽ സമയം തേടിയതായും അവർ പറഞ്ഞു. അതേസമയം, രാജിക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി സമരത്തിന്റെ ഭാവി നിർണയിക്കുക. ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സിജെപി നേതൃത്വം.




