താര സംഘടന അമ്മയുടെ അഡ് ഹോക്ക് കമ്മറ്റിക്ക് എതിരായ ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ

കൊച്ചി: താര സംഘടന അമ്മയുടെ അഡ് ഹോക്ക് കമ്മറ്റിക്ക് എതിരായ ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ. ഈ മാസം 27ന് ശ്വേതയുടെ എതിര്‍പ്പില്‍ എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും. അഡ് ഹോക്ക് കമ്മറ്റിയുടെ പ്രവര്‍ത്തനം വിലക്കിയതില്‍ രമേഷ് പിഷാരടിയും എതിര്‍പ്പ് അറിയിക്കും. പിഷാരടിയുടെ വാദവും 27ന് കേള്‍ക്കാനാണ് കോടതി തീരുമാനം. അതുവരെ അഡ്‍ഹോക്ക് കമ്മറ്റിക്കുള്ള സ്റ്റേ തുടരും.
അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നായിരുന്നു ശ്വേതയുടെ ഹർജി. അമ്മയുടെ ഭരണസമിതി രാജിവച്ചാൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ചുമതല രാജിവച്ച സമിതിക്ക് തന്നെയായിരിക്കും. ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്ന സംവിധാനമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി ഉത്തരവ് വന്നതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും രമേഷ് പിഷാരടി രാജി വച്ചിരുന്നു. അമ്മ സംഘടനയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം. “ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ താല്‍പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്.
കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്”?, എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കിയിരുന്നു.



