
കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ പാനൽ ചികിത്സാ രേഖകൾ പരിശോധിക്കും. ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടേഴ്സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജനറൽ അനസ്തേഷ്യ നൽകിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്.
ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവൻ ശൗര്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അനസ്തേഷ്യ നൽകിയപ്പോൾ ബ്രെയിനിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു വന്നതായും പരിയാരത്ത് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുഖത്തെ പരിക്ക് സാരമുള്ളത് ആയിരുന്നില്ല. അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു.
അതേസമയം മറ്റു സാഹചര്യങ്ങൾ കൊണ്ടും മസ്തിഷ്ക മരണം സംഭവിക്കാം. ഇതിൽ കൂടുതൽ വ്യക്തത വരുത്തൻ കുട്ടിയുടെ ആന്തരിക അവയവങ്ങൾ കോഴിക്കോട്ടെ ലാബിൽ പരിശോധിക്കും. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും,ആശുപത്രിയിൽ നൽകിയ ചികിത്സയും മെഡിക്കൽ ബോർഡ് പരിശോധിച്ചു റിപ്പോർട്ട് ആരോഗ്യവകുപ്പിന് നൽകും. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ ആകും കേസ് അന്വേഷണം. മൂന്ന് ഡോക്ടേഴ്സിന്റേയും ഫോൺ സ്വിച്ച് ഓഫെന്ന് ആണ് പോലീസ് പറയുന്നത്.




