KeralaNews

പരീക്ഷാ ക്രമക്കേട്; നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്

നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്. പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യോഗം. ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കണമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാനുള്ള തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. ക്രമക്കേടില്‍ പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ പരീക്ഷകളില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ എതിര്‍ത്താല്‍ അത് വ്യാപക വിമര്‍ശനത്തിനിടയാക്കുമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് മുതല്‍ രേഖപ്പെടുത്തും. ഇതിനുശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ഇതുവരെ ലഭിച്ച പരാതികളില്‍ പ്രാഥമിക പരിശോധന അന്വേഷണസംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിഎസ്‌സി രേഖകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ക്രൈം ബ്രാഞ്ച് നിയമനടപടികളിലേക്ക് കടക്കാനും ആലോചിക്കുന്നുണ്ട്.

പിഎസ്‌സി നടത്തിയ ആസൂത്രണ ബോര്‍ഡ് ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ചീഫ് പ്ലാന്‍ കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍, കെഎഎസ്, ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളെക്കുറിച്ചാണ് കൂടുതല്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിജിലന്‍സിന് മാത്രം 14 പരാതികള്‍ ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button