
മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രിക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കെ എസ് ആർ ടി സി കണ്ടക്ടർ അധിക്ഷേപം നടത്തിയെന്ന് യൂത്ത് കോൺഗ്രസ് പരാതി. കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ ടോമിക്കെതിരെയാണ് പരാതി.
മുഖ്യമന്ത്രിക്കെതിരെയും, ആഭ്യന്തര മന്ത്രിക്കെതിരെയും വാട്സാപ്പിൽ അസഭ്യം പറയുകയും പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുകയും ചെയ്തു എന്നാണ് പരാതി. പൂവച്ചൽ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിജു വർഗീസ് ആണ് കാട്ടാക്കട ഡി വൈ എസ് പിക്ക് പരാതി നൽകിയത്.
അതേസമയം കെ എസ് ആർ ടി സി ഓർഡിനറി ബസിൽ സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയിട്ട് ഒരു മാസമാകാറാകുമ്പോൾ പദ്ധതി വനിതാ യാത്രക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചതെന്നാണ് വ്യക്തമാകുന്നത്. ആദ്യ ആഴ്ചകളിൽ ഓര്‍ഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയോളമായി. ചിലര്‍ക്ക് മാസം മുവായിരം രൂപ വരെ മിച്ചം പിടിക്കാനാകുമ്പോൾ കണക്കാക്കിയതിനെക്കാള്‍ കെ എസ് ആർ ടി സിക്ക് മാസം 30 കോടിയെങ്കിലും കൂടുതൽ സര്‍ക്കാര്‍ നൽകേണ്ടി വരും. സൂചികുത്താൻ ഇടമില്ലാതെ ബസ് നിറഞ്ഞുകവിഞ്ഞാണ് സ്ത്രീയാത്രക്കാരുടെ തിരക്ക്. ഡോറില്‍ ചാരി നിന്നുവരെ സ്ത്രീകള്‍ യാത്ര ചെയ്യുന്നുണ്ട്.




