News

‘കരൂർ ദുരന്തത്തിന് പിന്നിൽ പൊലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയും, ആ ഓ‌ർമ്മകൾ എന്നെ വേട്ടയാടുന്നു’

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നിൽ പൊലീസിന്റെ ഗുരുതര വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അതെന്നും ആ ഓർമകൾ ഇപ്പോഴും വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്.

ദുരന്തം നടന്ന ദിവസം പൊലീസ് മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടായിരുന്നെങ്കിൽ യോഗം റദ്ദാക്കാനോ എന്റെ വാഹനം തടയാനോ പൊലീസിന് അധികാരമുണ്ടായിരുന്നു. പക്ഷെ അവർ യാതൊരു നടപടിയും സ്വീകരിച്ചില്ല. റാലിയിലേക്ക് എന്നെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. ഞാൻ പൊലീസിനെ പൂർണമായും വിശ്വസിച്ചു. എന്നാൽ ഇതിന് പിന്നിലെ ചതിയെ കുറിച്ച് അറിഞ്ഞില്ല.’– അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് ശേഷം ജനങ്ങളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിയ വിജയ് ദുരന്തത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാർ ജോലിയുടെ നിയമന ഉത്തരവുകൾ സമ്മേളനത്തിൽ അദ്ദേഹം വിതരണം ചെയ്തു. മരിച്ചവരുടെ ഓർമ്മയ്ക്കായി ടിവികെയുടെ നേതൃത്വത്തിൽ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം, സംസ്ഥാനത്ത് അഴിമതി ഭരണം നടത്തിയ ഡിഎംകെയെ വരും തിരഞ്ഞെടുപ്പുകളിളും പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഡിഎംകെയും എഐഎഡിഎംകെയും സർക്കാരിന് എതിരെ നടത്തുന്ന കുതിരകച്ചവട ആരോപണങ്ങൾ തള്ളിയ വിജയ് ജനങ്ങൾ ടിവികെയ്ക്ക് ഒപ്പമാണെന്നും മറുപടി നൽകി. 2025 സെപ്തംബർ 27നാണ് കരൂർ ദുരന്തമുണ്ടായത്. വിജയ്‌യുടെ നിയമസഭാ തിരഞ്ഞടുപ്പ് റാലിയിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടമാണ് ഇവിടേയ്ക്ക് എത്തിയത്. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീകളും കുട്ടികളുമടക്കം 41 പേർക്കാണ് ജീവൻ നഷ്ടമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button