കളി കളിച്ച് പണികിട്ടി..! 5 കോടിയുടെ ഫെരാരിയിൽ പോറൽ, ഉടമ കോടതിയിൽ

കുട്ടികളുടെ കുസൃതി പലപ്പോഴും മാതാപിതാക്കൾക്ക് വലിയ ബാധ്യതയാകാറുണ്ട്. എന്നാൽ ചൈനയിൽ നടന്ന ഈ സംഭവം മാതാപിതാക്കൾക്ക് നൽകുന്നത് ലക്ഷങ്ങളുടെ ഞെട്ടലാണ്. അയൽവാസിയുടെ അഞ്ചുകോടി രൂപ വിലമതിക്കുന്ന ഫെരാരി 488 GTB സൂപ്പർകാറിൽ കളിച്ച് കേടുവരുത്തിയ നാല് കുട്ടികളുടെ മാതാപിതാക്കളാണ് ഇപ്പോൾ നിയമനടപടികളെ നേരിടാൻ ഒരുങ്ങുന്നത്. കളിപ്പാട്ടമല്ല, കോടികൾ വിലമതിക്കുന്ന അത്യാഡംബര വാഹനമാണ് കുട്ടികൾ തകർത്തതെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം കോടതിയിലെത്തിയത്.
തെക്കൻ ചൈനയിലെ കുൻമിങ് നഗരത്തിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ബിസിനസ് ടൂർ കഴിഞ്ഞ് ഉടമ തിരിച്ചെത്തിയപ്പോൾ കണ്ടത് തന്റെ പ്രിയപ്പെട്ട ചുവന്ന ഫെരാരിയുടെ ദയനീയാവസ്ഥയാണ്. ബോഡിയിലുടനീളം ആഴത്തിലുള്ള പോറലുകൾ, ഹുഡ്, റൂഫ്, ടെയിൽ ലൈറ്റുകൾ എന്നിവയിലെ കേടുപാടുകൾ, ബമ്പറിലെ വിള്ളൽ തുടങ്ങി കാർ പൂർണ്ണമായും വികൃതമായിരുന്നു. അയൽപക്കത്തെ പത്തുവയസ്സിൽ താഴെയുള്ള നാല് ആൺകുട്ടികൾ കാറിനു മുകളിൽ കയറി നിരങ്ങി കളിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടമയ്ക്ക് തെളിവായി ലഭിച്ചു. മുളവടികൾ ഉപയോഗിച്ച് വരെ കുട്ടികൾ കാറിന് മുകളിൽ ഇരുന്നു കളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
അറ്റകുറ്റപ്പണികൾക്കായി ഏകദേശം 95 ലക്ഷം രൂപ (100,000 യുവാൻ) ചെലവാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, നഷ്ടപരിഹാരമായി 4.75 ലക്ഷം രൂപ (5,000 യുവാൻ) മാത്രം നൽകാം എന്ന മാതാപിതാക്കളുടെ നിലപാട് ഉടമയെ ചൊടിപ്പിച്ചു. ഇതോടെ ചർച്ചകൾ വഴിമുട്ടുകയും ഉടമ സിവിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയ്ക്ക് രക്ഷിതാക്കൾ തന്നെ ഉത്തരവാദികളാണെന്നും വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള മുഴുവൻ തുകയും അവർ നൽകണമെന്നുമാണ് ഉടമയുടെ വാദം.




