സഭയിൽ വാക്പോര് കത്തി; പിഷാരടിക്ക് കണക്കുമായി മറുപടി നൽകി പി പി സുമോദ്

പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കനത്ത വാക്പോര്. മെഡിക്കൽ കോളേജ് നിർമ്മാണത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗമായ രമേഷ് പിഷാരടി ഉന്നയിച്ച സബ്മിഷന്, കൃത്യമായ വികസന കണക്കുകൾ നിരത്തിയാണ് പി.പി. സുമോദ് എംഎൽഎ മറുപടി നൽകിയത്. മുൻപ് മണ്ഡലത്തെ പ്രതിനിധീകരിച്ച ഷാഫി പറമ്പിലിനോട് ചോദിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന സുമോദിന്റെ പരാമർശം സഭയിൽ വലിയ ചർച്ചയായി.
പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന് കീഴിൽ 70 ശതമാനം തുക നീക്കിവെച്ച് നിർമ്മിച്ച ഇന്ത്യയിലെ ഏക മെഡിക്കൽ കോളേജിന്റെ അവസ്ഥ ദയനീയമാണെന്ന് രമേഷ് പിഷാരടി കുറ്റപ്പെടുത്തി. കഴിഞ്ഞ ഏഴു വർഷത്തിലേറെയായിട്ടും ഹോസ്പിറ്റൽ ബ്ലോക്ക്, മോർച്ചറി, സീവേജ് സംവിധാനങ്ങൾ, ഇലക്ട്രിക്കൽ ജോലികൾ എന്നിവ പാതിവഴിയിലാണെന്നും കാഷ്വാലിറ്റി സൗകര്യങ്ങളുടെ കുറവ് വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പി.പി. സുമോദ് എംഎൽഎ വാദിച്ചു. മുൻ യുഡിഎഫ് സർക്കാർ വെറും 57 കോടി രൂപ മാത്രം അനുവദിച്ച സ്ഥാനത്ത്, എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 755 കോടി രൂപയുടെ വൻ വികസനമാണ് ഇവിടെ നടപ്പാക്കിയതെന്ന് അദ്ദേഹം കണക്കുകൾ സഹിതം വ്യക്തമാക്കി. കേന്ദ്ര മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നഷ്ടമാകാതെ കോളേജിനെ രക്ഷിച്ചെടുത്തത് എൽഡിഎഫ് സർക്കാരാണെന്നും, കാര്യങ്ങൾ പഠിച്ച ശേഷം വേണം സഭയിൽ ഉന്നയിക്കാനെന്നും സുമോദ് പ്രത്യാക്രമണം നടത്തി.




