KeralaNews

രാഷ്ട്രീയക്കാർ രാഷ്ട്രീയ നർമ്മം സഹിക്കണം, ആക്ഷേപഹാസ്യ വിമർശനം മാനനഷ്ടമല്ലെന്ന് ദില്ലി ഹൈക്കോടതി

രാഷ്ട്രീയക്കാരും പ്രമുഖരും രാഷ്ട്രീയ നർമ്മം സഹിക്കണമെന്ന് ദില്ലി ഹൈക്കോടതി. ആക്ഷേപഹാസ്യ ഉള്ളടക്കത്തിലൂടെ ഉള്ള വിമർശനം ഉടനടി മാനനഷ്ടത്തിൻ്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് അംഗമായ ബെഞ്ചിൻ്റെ നിരീക്ഷണം. ബിജെപി എംപി രാഘവ് ചദ്ദ സമർപ്പിച്ച ഹർജിയിലാണ് ദില്ലി ഹൈക്കോടതിയുടെ നിരീക്ഷണം. ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ എത്തിയതിനെ തുടർന്ന് തനിക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഘവ് ചദ്ദ കോടതിയെ സമീപിച്ചത്. ഛദ്ദയ്ക്കെതിരായ അഞ്ച് പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.

‘പണത്തിന് വേണ്ടി വ്യക്തിത്വം വിറ്റു’ എന്ന് ചിത്രീകരിക്കുന്ന അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു രാഘവ് ചദ്ദയുടെ ആവശ്യം. എന്നാൽ കേസ് വ്യക്തിത്വ അവകാശങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും തർക്കം അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കത്തെക്കുറിച്ചാണെന്നും കോടതി വ്യക്തമാക്കി. അഞ്ച് പോസ്റ്റുകൾ മാത്രം നീക്കം ചെയ്യാൻ ഉത്തരവിടുന്നതായും ബാക്കിയുള്ളവ പ്രഥമദൃഷ്ട്യാ അപകീർത്തികരമല്ലെന്നും കോടതി പറഞ്ഞു.

‘രാഷ്ട്രീയ ചുവടുമാറ്റങ്ങൾ, ഭരണം, അല്ലെങ്കിൽ നയങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹാസ്യങ്ങൾ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് അപകീർത്തിപ്പെടുത്തുന്നതോ ആക്ഷേപിക്കുന്നതോ അല്ല. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന പൊതുപ്രവർത്തകർ, ഇത്തരം ആക്ഷേപഹാസ്യങ്ങൾ തങ്ങൾക്ക് നേരെ ഉണ്ടാകുന്നത് തങ്ങളുടെ തൊഴിലിന്റെ അനിവാര്യവും ഒഴിവാക്കാനാവാത്തതുമായ ഒരു വശമായി അംഗീകരിക്കണം. അത് എത്രതന്നെ അപ്രിയമാണെങ്കിൽ പോലും’- കോടതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button