News

നിയമനങ്ങളിൽ സംശയനിഴൽ; മുഖ്യമന്ത്രിയുടെ വാദം തള്ളി പി. രാജീവ്

മുഖ്യമന്ത്രി കല്ലുവെച്ച നുണകൾ സത്യമെന്ന രീതിയിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് പി. രാജീവ് ആരോപിച്ചു. സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉദ്ദേശിച്ചിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ പുതുക്കിയ ബജറ്റിൽ നിന്ന് കെൽട്രോൺ, കെഎംഎംഎൽ തുടങ്ങിയ പ്രമുഖ പൊതുമേഖലാ കമ്പനികളുടെ പേരുകൾ ഒഴിവാക്കിയത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ഉൾപ്പെടെ ഈ സർക്കാരിന്റെ കാലത്തുണ്ടായ എല്ലാ സുപ്രധാന നിയമനങ്ങളും ഇപ്പോൾ വലിയ സംശയത്തിന്റെ നിഴലിലാണെന്നും പി. രാജീവ് കുറ്റപ്പെടുത്തി. ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി ‘ഔട്ട് ഓഫ് അജണ്ട’യായാണ് ഇത്തരം നിർണായക തീരുമാനങ്ങൾ പലതും കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഇടതുപക്ഷ സർക്കാർ പോയ പോക്കിൽ സ്വകാര്യവൽക്കരണം നടപ്പാക്കി എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ആക്ഷേപങ്ങൾക്കും പി. രാജീവ് ശക്തമായ ഭാഷയിൽ മറുപടി നൽകി. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്ന് സംസാരിക്കുന്നത് പോലെയല്ല, മുഖ്യമന്ത്രി എന്ന ഭരണഘടനാ പദവിയിലിരുന്ന് ഇത്തരം അസത്യങ്ങൾ പറയുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിയമനങ്ങളിൽ മന്ത്രിമാരുടെ ശുപാർശയുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ഉൾപ്പെടെ അവകാശപ്പെടുന്നത്. എന്നാൽ മന്ത്രിമാർക്ക് ഇത്തരം ശുപാർശകൾ നൽകാൻ നിലവിലുള്ള ചട്ടങ്ങൾ അനുവദിക്കുന്നില്ല. അത്തരം നിയമനങ്ങളിൽ മൂന്ന് പേരുടെ പാനൽ നൽകേണ്ടത് അഡ്വക്കേറ്റ് ജനറൽ ആണെന്നിരിക്കെ, ചട്ടവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി. രാജീവ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button