Cinema

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു.

1979 ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താനൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, അവസര പൊലീസ് 100 തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. നടി പൂര്‍ണിമ ജയറാം ആണ് ഭാര്യ. നടന്‍ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. ഭാരതിരാജയുടെ 16 വയതിനിലെയായിരുന്നു ആദ്യ സിനിമ. പിന്നീട് ഡയലോഗ് എഴുതിയ സിഗപ്പു റോജാക്കള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഭാരതിരാജയ്‌ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും തിരക്കഥയും ഡയലോഗുമെഴുതിയിരുന്നു. പിന്നീടാണ് സംവിധായകനായി അരങ്ങേറുന്നത്.

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ മേഖകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിയാണ് ഭാഗ്യരാജ്. തമിഴ് സിനിമയിലെ പാത്ത് ബ്രേക്കര്‍മാരില്‍ ഒരാള്‍. പ്രണയവും ഫാമിലി ഡ്രാമയും സാമൂഹിക നിരീക്ഷണവും ആക്ഷേപ ഹാസ്യവുമെല്ലാം കോര്‍ത്തിണക്കിയായിരുന്നു അദ്ദേഹം സിനിമകളൊരുക്കിയത്. മാച്ചോ-ഹിറോയിക് നായകന്മാരില്‍ നിന്നും വ്യത്യസ്തമായി, പ്രേക്ഷകര്‍ക്ക് റിലേറ്റബിള്‍ ആയ എവരിഡെ ഹീറോസ് ആയിരുന്നു ഭാഗ്യരാജിന്റെ നായകന്മാര്‍. 75 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഈ വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചത്. ഈ പരിപാടിക്കിടെ സംവിധാനത്തിലേക്ക് തിരികെ വരുന്നതായി പ്രഖ്യാപിച്ചിരുന്നു. സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുമ്പോഴും അഭിനയത്തില്‍ അദ്ദേഹം സജീവമായിരുന്നു. ധനുഷ് നായകനായ കുബേരയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button