വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ ആദ്യദിനം ബോക്സ് ഓഫീസിൽ നേടിയത് കോടികൾ

വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. സൂപ്പർഹിറ്റ് ചിത്രം ‘2018’-ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം റിലീസ് ദിനത്തിൽ ചിത്രം 3 കോടി രൂപയുടെ ഓപ്പണിംഗ് കളക്ഷൻ സ്വന്തമാക്കി വമ്പൻ തുടക്കമിട്ടു. 2 മണിക്കൂറും 19 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുൻപ് ചിത്രത്തിന്റെ ലോഞ്ച് വേളയിൽ ഇതൊരു ചെറിയ കുടുംബ ചിത്രമായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും, ഒരു കൊച്ചു കുടുംബ ചിത്രത്തിനും അപ്പുറമുള്ള വലിയ കൗതുകങ്ങളാണ് സിനിമ കാത്തുവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജോമോൻ ടി ജോണുമാണ്. ചമൻ ചാക്കോ എഡിറ്റിംഗും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു.



