News

തെളിവില്ലാത്ത ആരോപണങ്ങൾ; പ്രിയദർശിനി പദ്ധതി തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറിയിലെ സൗജന്യയാത്ര പദ്ധതി പ്രിയദർശിനിയ്‌ക്കെതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി. ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് വ്യക്തമാക്കിയ കോടതി പദ്ധതി തുടരാമെന്നും ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും ചോദിച്ച കോടതി ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button