
വിവാദങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് ചേരും. അന്‍സിബ വിഷയവും അമ്മയിലെ തമ്മില്‍ തല്ലും യോഗത്തില്‍ ചര്‍ച്ചയാവും. ഉണ്ണി ശിവപാല്‍ രാജിവെച്ച ട്രഷറര്‍ സ്ഥാനത്തേക്കും അന്‍സിബ രാജിവെച്ച ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും.
അന്‍സിബ, മുന്‍ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ എന്നിവര്‍ യോഗത്തിനെത്തും. കേന്ദ്രമന്ത്രിയും അമ്മയിലെ അംഗവുമായ സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പുതിയ നേതൃത്വം ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് സംഘടനയുടെ നിര്‍ണായകമായ യോഗം നടക്കുന്നത്. അംഗങ്ങള്‍ക്കായുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് വിവരം.
അതേസമയം അമ്മയില്‍ നീതി നിഷേധമുണ്ടായെന്ന് ഉണ്ണി ശിവപാല്‍ പറയുന്നു. ഓഫീസ് സ്റ്റാഫിന്റെ പരാതിയില്‍ അമ്മ തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ജനറല്‍ ബോഡിയില്‍ എല്ലാം തുറന്നുപറയുമെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു. ശിവപാലിനെ നിര്‍ബന്ധിത അവധിയില്‍ പറഞ്ഞയക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. തന്റെ കൈവശമുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ കൈമാറാമെന്ന് അമ്മയെ അറിയിച്ചിരുന്നു. മാധ്യമങ്ങളിലൂടെയാണ് അവധിയില്‍ പറഞ്ഞയച്ചുവെന്ന് അറിയുന്നത്. ഈ നടപടി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? കാലം തെളിയിക്കേണ്ട ചില സത്യങ്ങള്‍ ഉണ്ട്. മാധ്യമങ്ങളുടെ മുന്നില്‍ വന്ന് ഇതുവരെ ഒരു കാര്യങ്ങളും സംസാരിച്ചിട്ടില്ല. ജനറല്‍ ബോഡിയിലാണ് വിശ്വാസമെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു.




