News

നവകേരള യാത്ര മർദനക്കേസ്; എഡിജിപി ഓഫീസിൽ എസ്‌ഐടി പരിശോധന, തെളിവുകൾ ശേഖരിച്ചു

നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ മർദിക്കപ്പെട്ട കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് തിരുത്തിയെന്ന ആരോപണത്തെ തുടർന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധന നടത്തി.

ഓഫീസിലെ സന്ദർശക രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ എന്നിവ എസ്‌ഐടി വിശദമായി പരിശോധിച്ചു. പൊലീസ് ക്ലബ്ബായ അഗസ്ത്യയിലെ റൂം രജിസ്റ്ററും സംഘം ശേഖരിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാൻ എഡിജിപി ഓഫീസ് കേന്ദ്രീകരിച്ച് ശ്രമങ്ങൾ നടന്നോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ദിശ.

പോലീസ് ചരിത്രത്തിൽ ആദ്യമായാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ ഒരു പ്രത്യേക അന്വേഷണസംഘം കേസിന്റെ ഭാഗമായി നേരിട്ടുള്ള പരിശോധന നടത്തുന്നത്. നേതാക്കളെ മർദിച്ച സംഭവത്തിൽ കേസെടുക്കണമെന്ന റിപ്പോർട്ട് പിന്നീട് തിരുത്തി, മർദനക്കേസ് നിലനിൽക്കില്ലെന്ന റഫർ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്ന കണ്ടെത്തലാണ് അന്വേഷണത്തിന് വഴിവെച്ചത്.

പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് എഡിജിപി ഓഫീസിൽ തയ്യാറാക്കിയതായും, അന്വേഷണ ഉദ്യോഗസ്ഥൻ പെൻഡ്രൈവിൽ കൈമാറിയ കേസ് ഡയറി ഓഫിസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർ ചേർന്ന് തിരുത്തിയതായും എസ്‌ഐടിക്ക് വിവരം ലഭിച്ചു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് ഇതെല്ലാം നടന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി.

കേസിന്റെ ആദ്യ അന്വേഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്തിയ ശേഷമാണ് മടക്കിനൽകിയതെന്നും മൊഴികളിൽ വ്യക്തമാകുന്നു. ഈ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എസ്‌ഐടി തെളിവുകൾ ശേഖരിച്ചത്.

അതേസമയം, നവകേരള യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച എ.ഡി. തോമസ് എം.എൽ.എയെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്വൽ കുര്യാക്കോസിനെയും മർദിക്കാൻ ഗൺമാനും സുരക്ഷാസംഘത്തിനും ആരുടെയെങ്കിലും നിർദേശം ലഭിച്ചിരുന്നോയെന്നും എസ്‌ഐടി അന്വേഷിക്കുന്നു. കേസിലെ പുതിയ കണ്ടെത്തലുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button