News

മൈക്രോഫിനാൻസ് ഇടപാടിൽ ക്രമക്കേട്? വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം കടുപ്പിച്ച് വിജിലൻസ്

തിരുവനന്തപുരം: മൈക്രോഫിനാൻസ് വായ്പാ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ അനധികൃതമായി കൈവശപ്പെടുത്താൻ നടത്തിയെന്ന ആരോപണത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം ഉറപ്പാക്കാൻ വിവിധ യൂണിയനുകളിലേക്ക് സ്വന്തം വിശ്വസ്തരെ നിയമിക്കാൻ നിർദേശിച്ചുകൊണ്ട് അയച്ച കത്തുകളാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്.

പിന്നാക്ക വികസന കോർപ്പറേഷൻ നിർധന സ്ത്രീകൾക്ക് സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി മൂന്ന് ശതമാനം പലിശ നിരക്കിൽ അനുവദിച്ചിരുന്ന വായ്പ, എസ്.എൻ.ഡി.പി യൂണിയനുകളുടെ പേരിൽ വാങ്ങിയശേഷം അടുത്തവർക്കു കൂടുതൽ പലിശ നിരക്കിൽ നൽകിയെന്നാണ് പ്രധാന ആരോപണം. വായ്പകൾ അനുവദിക്കുന്നതിൽ യൂണിയൻ ഭാരവാഹികളെ സ്വാധീനിച്ച് തുകയുടെ ഒരു വിഹിതം തിരിച്ചുപിടിക്കുന്ന രീതിയും നടപ്പാക്കിയിരുന്നുവെന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് ചിലർ തെളിവുകൾ സഹിതം വിജിലൻസിന് മൊഴി നൽകിയതോടെയാണ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നത്. 2003 മുതൽ ജനറൽ സെക്രട്ടറിയെന്ന നിലയിൽ വിവിധ യൂണിയനുകൾക്ക് വെള്ളാപ്പള്ളി നടേശൻ അയച്ച കത്തുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതിൽ 2006 ഓഗസ്റ്റിൽ അടിമാലി യൂണിയന് അയച്ച ഒരു കത്ത് പ്രധാന തെളിവായി ഉയർന്നുവരുന്നതായാണ് വിവരം.

സമാനമായ രീതിയിൽ മറ്റ് യൂണിയനുകളിലും ഇടപെടലുകൾ നടന്നതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട സ്ത്രീകളെ ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോഫിനാൻസ് പദ്ധതിയെ മറയാക്കി വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. കേസിൽ വെള്ളാപ്പള്ളി നടേശന്റെ നേരിട്ടുള്ള പങ്ക് തെളിയിക്കുന്നതിനായുള്ള തെളിവ് ശേഖരണം അവസാനഘട്ടത്തിലാണെന്നും അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സംഭവം പുറത്തുവന്നതോടെ മൈക്രോഫിനാൻസ് പദ്ധതികളുടെ നടത്തിപ്പും എസ്.എൻ.ഡി.പി നേതൃത്വത്തിന്റെ സാമ്പത്തിക ഇടപാടുകളും വീണ്ടും പൊതുചർച്ചയാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button